കായക്കൊടി ഹൈസ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്റര്‍ 2010ലെ ഐ.സി.ടി ദേശീയ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു.
     കായക്കൊടി ഹൈസ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്റര്‍ 2010ലെ ഐ.സി.ടി ദേശീയ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കപ്പെടും. കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ കായക്കൊടിയിലെ ജനങ്ങളും സ്കൂള്‍ കുട്ടികളും അത്യന്തം ആഹ്ലാദത്തിലാണ്. ആ നിഷ്കളങ്ക ആഹ്ലാദത്തില്‍ മാത്​സ് ബ്ലോഗും പങ്കാളികളാവുകയാണ് - സസന്തോഷം.
             1985ലാണ് മാഷ് ജീവശാസ്ത്രാധ്യാപനായി ജോലിയില്‍ പ്രവേശിക്കുന്നത്. 2002ല്‍ ഐടി@സ്കൂള്‍ പ്രോജക്ട് നിലവില്‍ വന്നതോടെ സ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്ററായി സേവനമാരംഭിച്ചു. ജില്ലാതലത്തില്‍ ആറുതവണ ഐടി മേലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാനതലത്തിലെ ഏറ്റവും നല്ല ഐ.ടി സ്കൂള്‍ എന്ന ബഹുമതി രണ്ടുതവണ, ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള വിദ്യാഭ്യാസമന്ത്രിയുടെ രണ്ടരലക്ഷം രൂപയുടെ അവാര്‍ഡ്, വിവരവിനിമയ സാങ്കേതികവിദ്യ രക്ഷിതാക്കള്‍ക്ക് പകര്‍ന്ന് കൊടുത്തതിന് സ്കൂളിന് ഒരു ലക്ഷം രൂപയുടെ പാരിതോഷികം എന്നിവ ഈ കാലയലവില്‍ ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ആഴം വ്യക്തമാക്കുന്ന ചില സംഗതികള്‍ മാത്രം.
           വിവിധ വിഷയങ്ങളില്‍ റിസോഴ്സ് സിഡികള്‍ തയ്യാറാക്കി അധ്യാപനത്തിന് ഉപയോഗിക്കുന്നതില്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്.ഐ.ടി പ്രോജക്ടിന്റെ ഗൈഡ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രോജക്ട് അവതരിപ്പിച്ച കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലുതവണ ഒന്നാംസ്ഥാനവും രണ്ടു തവണ എ ഗ്രേഡുകളും ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നടന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പ്രോജക്ടിന്റെ ഗൈഡും മറ്റാരുമായിരുന്നില്ല.
            കായക്കൊടി ഗ്രാമത്തെയാകെ കമ്പ്യൂട്ടര്‍ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളില്‍ നിന്നും മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് പരിശീലനങ്ങളുടെ പരമ്പര നടത്തിയതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും തിളക്കമേറിയത്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പഠനം അനായാസമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊന്‍തൂവലാണ് ദേശീയതലത്തിലുള്ള ഈ അവാര്‍ഡ്.അദ്ദേഹത്തിന്റെ സ്കൂളിലെ പ്രധാനാധ്യാപകന്‍ ജയചന്ദ്രന്‍പിള്ളസാര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.